Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടി റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്.
ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്.
കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (ഒരു കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
Kerala
ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന ഉത്സവമാണെന്നും ഇത് നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
<b>എം.കെ. സ്റ്റാലിന്റെ ഓണാശംസയുടെ പൂർണരൂപം</b>
എന്റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ! ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ്. നമ്മുടെ ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശമാണ് നമ്മുടെ ആഘോഷങ്ങളിൽ പ്രതിധ്വനിക്കുന്നത്.
ഓണം പൂക്കളങ്ങളും സദ്യയും ആഘോഷങ്ങളും മാത്രമല്ല, എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന, സ്വാഭിമാനം എല്ലാവർക്കും തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ്.
ഒരു നാടിന്റെ സമൃദ്ധി എല്ലാവരോടും കൂടെ തുല്യമായി പങ്കിടുമ്പോൾ മാത്രമാണ് അർഥവത്താകുന്നത് എന്ന ഓർമപ്പെടുത്തലുമാണ്. ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ, എല്ലാ കുടുംബങ്ങളും സന്തോഷത്താൽ നിറയട്ടെ, ഒരുമിച്ച് തുല്യവും നീതിയുക്തവും മാന്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ!
Kerala
കോട്ടയം: ഇന്ന് കാത്തുകാത്തിരുന്ന തിരുവോണം. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം.
അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജനക്കടകളിലും തെരുവു കച്ചവട സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്റെ തിരക്കായിരുന്നു ഉത്രാടദിനം രാത്രി വരെ.
ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കി രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽ ഉണ്ട് തിരുവോണനാൾ അവിസ്മരണീയമാക്കുകയാണ് മലയാളികൾ. സദ്യയ്ക്കു ശേഷം തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.
തിരുവോണം പ്രമാണിച്ച് ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും പ്രത്യേക ചടങ്ങുകൾ നടക്കും. ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. വ്യാഴാഴ്ച വൈകുന്നേരം കാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയിൽ പുറപ്പെട്ടത്.
Kerala
തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ തവണ 1,000 രൂപവീതമാണ് ലഭിച്ചത്.
സംസ്ഥാനത്തെ 5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചു.
Kerala
കോട്ടയം: ഓണത്തിന്റെ വരവറിയിച്ച് ചിങ്ങമാസത്തിലെ അത്തം പിറന്നു. ഇനിയുള്ള പത്താം നാള് മലയാളികള്‍ തിരുവോണം ആഘോഷിക്കും. ഓണത്തിന്റെ പ്രധാനചടങ്ങിൽ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക.
ഓണക്കാലത്ത് മലയാളികൾക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്ന അത്തം പിറക്കുന്നതോടെ നാടും നഗരവും ഓണത്തിന്റെ ആവേശത്തിലേയ്ക്ക് കടക്കും. തൊടികളിൽനിന്നു തുന്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാന്പിപ്പൂവും ശേഖരിച്ച് മുറ്റത്ത് കളമെഴുതി അത്തം മുതൽ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിന്റെ സ്മരണകളുണർത്തി ഇന്നു മുതൽ നാടൊട്ടുക്കും അത്തപ്പുക്കളങ്ങൾ നിറയും.
വിവിധ സംഘടനകൾ ഒരുക്കുന്ന പൂക്കള മത്സരങ്ങളും ഇന്നു മുതൽ സജീവമാകും. ഇതിനു പുറമേ ഓണത്തിന്റെ വരവറിയിച്ച് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു മുന്നിലും പൂക്കളങ്ങളൊരുങ്ങും.
ഓണത്തിന് പൂക്കളമൊരുക്കാൻ നാട്ടുപൂക്കൾ തേടി നടക്കുന്ന പതിവു തന്നെയില്ലാതായി. അത്തം മുതൽ 10 ദിവസം മുതൽ നടക്കുന്ന പൂവിടലലിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പൂക്കളങ്ങളാണ് ഒരുക്കുന്നത്.
ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോൾ പൂക്കടകളിൽനിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്‍റോസ് തുടങ്ങി വിവിധയിനം പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തയാറാക്കുന്നത്.
കൂടാതെ വിവിധയിനം ഇലകളും പച്ചക്കറികളും പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നുണ്ട്. ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ഇന്നു മുതൽ പൂക്കള മത്സരങ്ങൾ അരങ്ങേറും.
ഇനി അത്തപ്പൂവിടാൻ മെനക്കെടാത്തവർക്കായി റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള റെഡിമെയ്ഡ് പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. അത്തം മുതൽ പത്തു ദിവസവും ഇത് ഉപയോഗിക്കാം.
പൊടി തട്ടിയെടുത്ത് സൂക്ഷിച്ചാൽ അടുത്ത വർഷങ്ങളിലും പൂക്കളം ഇടാൻ ബുദ്ധിമുട്ടേണ്ടി വരില്ല. പല വലുപ്പത്തിലും ഡിസൈനിലുമുള്ള പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായുള്ളത്. ഒട്ടേറെ സ്ഥാപനങ്ങളിൽ ഇപ്പോൾ റെഡിമെയ്ഡ് പൂക്കളങ്ങളാണ് ഉപയോഗിക്കുന്നത്.